ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നടന്ന ചോദ്യംചെയ്യലില്‍ നേരത്തെ അവകാശപ്പെട്ടിരുന്ന നടിക്കെതിരായ വാട്സ്ആപ്പ് രേഖകള്‍ സമർപ്പിച്ചില്ല. സിദ്ദീഖിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം സുപ്രിംകോടതിയെ സമീപിക്കും. ഇന്ന് ഒന്നര മണിക്കൂർ ചോദ്യംചെയ്ത ശേഷം സിദ്ദീഖിനെ വിട്ടയച്ചു. നടിക്കെതിരെ കൈയിലുണ്ടെന്ന് നേരത്തെ അവകാശപ്പെട്ടിരുന്ന രേഖകള്‍ കൈവശമില്ലെന്ന് വ്യക്തമാക്കിയിരിക്കു കയാണ് സിദ്ദീഖ്. വാട്സ്ആപ്പ് രേഖകള്‍ ഇന്ന് ഹാജരാക്കുമെന്ന് കഴിഞ്ഞ ചോദ്യംചെയ്യലില്‍ അറിയിച്ചിരുന്നു. 2016-17 കാലഘട്ടത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ഐപാഡും കാമറയും ഇപ്പോള്‍ കൈവശമില്ലെന്നാണ് സിദ്ദീഖ് അന്വേഷണസംഘത്തോട് പറഞ്ഞത്. ഇന്നു രാവിലെ മകൻ ഷഹീനൊപ്പമാണ് സിദ്ദീഖ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണു വിവരം. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി മെറിൻ ജോസഫും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ സിദ്ദീഖില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചത്.