പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ
കൊച്ചി : പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. ബേക്കറി, ഹോട്ടൽ, റസ്റ്റോറന്റ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള വാണിജ്യാവശ്യ സിലിണ്ടറിന്റെ വിതരണം പൂർണമായി നിലച്ചു. സംസ്ഥാനത്തെ 10 ശതമാനത്തോളം ഭക്ഷണശാലകൾ പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ പ റഞ്ഞു. ക്ഷാമം തുടരുകയാണെങ്കിൽ പകുതിയിലധികം ഭക്ഷണശാലകൾ അടച്ചേക്കും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവിൽ ആശുപത്രികളിലും സ്കൂളുകളിലും മാത്രം വാണിജ്യാവശ്യ സിലിണ്ടർ വിതരണം ചെയ്താൽ മതി എന്നാണ് കേന്ദ്ര നിർദേശം. ഒരു ഹോട്ടലിന് കൈവശം വയ്ക്കാവുന്ന സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തി.
എത്രദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാൽ പകരം പോംവഴി എന്താണെന്ന് തുടങ്ങി യാതൊരു ഒൗദ്യോഗിക നിർദേശവും ലഭിച്ചിട്ടില്ല. രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വേണ്ടി പകരം മാർഗം കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ജയപാൽ പറഞ്ഞു. സംസ്ഥാനത്ത് ബേക്കറികളും ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങളുണ്ട്. ചെറിയ കടകൾക്ക് പുറമേയാണിത്. നഗരങ്ങളിലെ പകുതിയോളം ഭക്ഷണശാലകളിലും വിറക് അടുപ്പില്ല. ഗ്യാസിലാണ് പൂർണമായും പ്രവർത്തിക്കുന്നത്. ഇവർ വലിയ ഇൻഡക്ഷൻ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ ഭക്ഷണശാലകളിൽ മാത്രമേ പ്രായോഗികമാകൂ.
24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പ്രവർത്തനം സമയം കുറച്ചു. കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവർത്തനവും അവതാളത്തിലായി. സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നാൽ ലക്ഷക്കണക്കിന് ആളുകളുടെ വരുമാനമാണ് നിലയ്ക്കുക. ഭക്ഷണത്തിനായുള്ള പുറം ഓർഡറുകളും റദ്ദാക്കുകയാണ്. വാടകവീടുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്ന വിദ്യാർഥികളും പ്രൊഫഷണലുകളും സാധാരണ തൊഴിലാളികളും ഉൾപ്പെടെയുള്ളവരെയാണ് പ്രതിസന്ധി ഏറെ ബാധിക്കുക. തട്ടുകടക്കാർക്കും എൽപിജി ക്ഷാമം വിനയാണ്. വരുംദിവസങ്ങളിൽ വിഭവങ്ങളുടെ വിലയും വർധിച്ചേക്കാം. ഹോട്ടൽ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പച്ചക്കറി, മാംസ വ്യാപാര രംഗത്തേക്കും പടരും.
ചെറുകിട ബേക്കറികളുംഅടച്ചുപൂട്ടേണ്ടി വരുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ പറഞ്ഞു. പാചകവാതകക്ഷാമംമൂലം ഇവർ ഉൽപ്പാദനം കുറച്ചു. ചില സ്ഥാപനങ്ങൾ താൽക്കാലികമായി നിർത്തിയെന്നും സംസ്ഥാന പ്രസിഡന്റ് കിരൺ എസ് പാലക്കൽ, ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ എന്നിവർ പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുൻഗണനാ വിഭാഗത്തിനുമാത്രമായി ചുരുക്കിയതാണ് ഹോട്ടലുകളെ കടുത്ത പ്രതിസന്ധിയിലാ ക്കുന്നത്. ഗാർഹിക സിലിണ്ടറുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും കരിഞ്ചന്തയിൽ സുലഭമാണ്. ഇരട്ടിയോളം വില നൽകേണ്ടി വരുന്നതായി അതിഥിത്തൊഴിലാളികൾ പറഞ്ഞു. ഇവർ ഉപയോഗിക്കുന്ന കുട്ടിസിലിണ്ടറുകൾ (5 കിലോ) ലഭിക്കാത്തതിനാലാണ് കരിഞ്ചന്തയിൽ നിന്ന് വാങ്ങേണ്ടിവരുന്നത്.