ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും
കൊച്ചി : ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനക്കൂട്ടത്തിന്റെ അക്രമ സാധ്യത ഭയന്ന് വൻ സുരക്ഷയിൽ ആകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തു. അതേസമയം അക്രമത്തിൽ പരിക്കേറ്റു ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. അതീവ രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതി ഋതു ഉള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്.
ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയായ ഋതുവാണ് ആക്രമണം നടത്തിയത്. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിന് ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു പ്രതി പറയുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. ആക്രമണം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യമോ ലഹരിയോ ഒന്നും ഉപയോഗിച്ചിരുന്നില്ല. മാനസികപരമായി പ്രശന്ങ്ങള്‍ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജിതിനെ ഋതു ആക്രമിക്കാന്‍ ചെന്നപ്പോള്‍ ജിതിന്റെ ഭാര്യ വിനീഷയാണ് ആദ്യം പുറത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയതിന് പിന്നാലെ ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഋതു സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാരും പറയുന്നത്.