മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസിലെ എഫ്ഐആര്‍ ചോര്‍ച്ചയുടെ മറവില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണ്. അന്വേഷണത്തിന്റെ പേരില്‍ അനാവശ്യ ചോദ്യങ്ങള്‍ പാടില്ല എന്നും കോടതി ഉത്തരവിട്ടു.
മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തെ കുറിച്ചോ സ്വത്തുവിവരങ്ങളെ പറ്റിയോ എസ്ഐറ്റി ചോദിക്കരുത്. മാധ്യമപ്രവര്‍ത്തകരുടെ മൊഴി പ്രത്യേകം രേഖപെടുത്തണമെന്നും ഈ മാസം 10നകം വിവരങ്ങള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊലീസ് അപ്ലോഡ് ചെയ്ത എഫ്ഐആര്‍ ഡൗണ്‍ലോഡ് ചെയ്ത് വാര്‍ത്ത നല്‍കിയവരെ ആണ് എസ്ഐടി സമന്‍സ് അയച്ചു വിളിച്ചു വരുത്തി ഉപദ്രവിച്ചത്. ഇതിനെതിരെ 4 മാധ്യമപ്രവര്‍ത്തകരും ചെന്നൈ പ്രസ് ക്ലബ്ബും ആണ് ഹൈക്കോടതിയെ സമീപിച്ചത്.