ഓഫിസിലെ അമിത ജോലിഭാരത്തെ മകള്‍ മരണത്തിന് കീഴടങ്ങിയെന്ന ഗുരുതര പരാതി ഉയര്‍ത്തി മലയാളിയായ അനിത അഗസ്റ്റിന്
ഓഫിസിലെ അമിത ജോലിഭാരത്തെ തുടര്‍ന്ന് തന്റെ മകള്‍ മരണത്തിന് കീഴടങ്ങിയെന്ന ഗുരുതര പരാതി ഉയര്‍ത്തി മലയാളിയായ അനിത അഗസ്റ്റിന്. പുണെയിലെ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണ്‍സ്റ്റ് ആന്റ് യങ് (ഇ.വൈ) എന്ന കമ്പനിക്ക് എതിരെയാണ് പരാതി. കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളില്‍ അനിതയുടെ മകള്‍ അന്ന സെബാസ്റ്റ്യന്‍ (27) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ ഇരയാണ് തന്റെ മകളെന്ന് അനിത അഗസ്റ്റിന് ഇ.വൈ കമ്പനിയുടെ ഇന്ത്യാ മേധാവി രാജീവ് മേമാനിക്ക് അയച്ച തുറന്ന കത്തില്‍ (ഇ–മെയില്‍) പറയുന്നു. കൊച്ചി കങ്ങരപ്പടിയിലാണ് അന്ന സെബാസ്റ്റ്യന്റെ കുടുംബം. മറ്റു കമ്പനികളിൽനിന്ന് ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും ഇ.വൈ. പുണെ ഓഫീസിലെ ജോലിയാണ് അന്ന തിരഞ്ഞെടുത്തത്. സി.എ. പഠനത്തിന്റെ തിരക്കിനിടയിലും അനാഥരായ കുട്ടികൾക്ക് ക്ലാസെടുത്തിരുന്നെന്നും പിതാവ് പറഞ്ഞു. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പുണെയിൽനടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാൻപോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത് -അമ്മ എഴുതിയ കത്തിൽ പറയുന്നു.