ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടിയില്ലെന്ന് ആക്ഷേപം; പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്
ആലപ്പുഴ : പൂച്ചാക്കലിൽ നടുറോഡിൽ ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടിയില്ലെന്ന് ആക്ഷേപം. പൊലീസ് ഇതുവരെയും പ്രതികളെ പിടികൂടാൻ തയാറായിട്ടില്ലെന്ന് മർദനമേറ്റ 19കാരി പറഞ്ഞു. തന്നെ ക്രൂരമായി മർദിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും എഴുന്നേൽക്കാനും നടക്കാനും പോലും പറ്റാത്ത അവസ്ഥയാണെന്നും തുറവൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പറഞ്ഞു.
അനിയൻമാരെ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിലാണ് പെൺകുട്ടിക്ക് നേരെ റോഡിൽ ആക്രമണമുണ്ടായത്. സഹോദരങ്ങളെ ഉപദ്രവിക്കുന്നത് തടയാൻ ചെന്നപ്പോൾ പെൺകുട്ടിക്ക് മർദനമേൽക്കുകയായിരുന്നു. ഇന്നലെയാണ് ക്രൂര ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണു ആക്രമിച്ചത്. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുണ്ട്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.