സഹകരണ റിസ്ക് ഫണ്ട്; വ്യവസ്ഥകളിൽ ഇളവ്, സമയപരിധി കഴിഞ്ഞ അപേക്ഷകളും പരിഗണിക്കും
പാലക്കാട് : സഹകരണസംഘങ്ങളിൽ നിന്ന് വായ്പയെടുത്തവർ മരണപ്പെട്ടാൽ വായ്പത്തുകയിൽ ഇളവുനൽകുന്ന റിസ്ക് ഫണ്ടിനുള്ള അർഹമായ അപേക്ഷകൾ ഇനി ആറുമാസത്തെ സമയപരിധി കഴിഞ്ഞാലും പരിഗണിക്കും. അപേക്ഷകരുടെ സാമ്പത്തിക-സാമൂഹിക സ്ഥിതികൂടി പരിഗണിച്ച് സഹകരണവികസന ക്ഷേമനിധി ബോർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാവും നടപടി. തിരിച്ചടവ് ആറുമാസത്തിലേറെ മുടങ്ങിയ വായ്പകളിൽ അപേക്ഷകരുടെ സ്ഥിതി പരിശോധിച്ചശേഷം തീരുമാനമെടുക്കും. മാരകരോഗം ബാധിച്ച വായ്പക്കാർ എഴുപത് വയസ്സ് പിന്നിട്ടവരാണെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്ന വ്യവസ്ഥയിലും ഇളവ് നൽകും. വായ്പാതിരിച്ചടവ് മുടങ്ങിയ, സാമ്പത്തികശേഷികുറഞ്ഞ നിരവധിപേർക്ക് നടപടി സഹായമാവുമെന്ന് പ്രതീക്ഷിക്കുന്നതായി സഹകരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘങ്ങളിൽനിന്ന് കാർഷിക-കാർഷികേതര വായ്പയെടുക്കുന്നവർ വായ്പാ കാലാവധിയിലോ കാലാവധികഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരിച്ചാൽ മൂന്നുലക്ഷം രൂപവരെയുള്ള കടബാധ്യത ഒഴിവാക്കുന്നതാണ് റിസ്ക് ഫണ്ട് സംവിധാനം. വായ്പക്കാരന് മാരകരോഗംബാധിച്ച് തിരിച്ചടവ് മുടങ്ങിയാലും ഇളവ് ലഭിക്കും. അർബുദബാധിതർ, വൃക്കരോഗംമൂലം ഡയാലിസിസിന് വിധേയരായവർ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ, പക്ഷാഘാതമോ അപകടമോമൂലം ശരീരംതളർന്ന് കിടപ്പിലായവർ, എച്ച്.ഐ.വി. പോസിറ്റീവ് ആയവർ തുടങ്ങിയവരെയാണ് മാരക രോഗബാധിതരായി കണക്കാക്കിയിട്ടുള്ളത്. സഹകരണസംഘങ്ങളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് സഹകരണ ക്ഷേമനിധി ബോർഡ് വ്യവസ്ഥകളിൽ ഇളവുവരുത്താൻ ശുപാർശചെയ്യുക. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ലഭിച്ച 11 അപേക്ഷകളിലായി സംസ്ഥാനത്ത് 12.46 ലക്ഷം രൂപയുടെ കടബാധ്യത ഒഴിവാക്കാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. കുട്ടനാട്, തലശ്ശേരി, കൊട്ടാരക്കര, വടകര, കാട്ടാക്കട, തലപ്പിള്ളി, വയനാട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ സഹകരണസംഘങ്ങളിലാണ് ഇളവ് നൽകിയിട്ടുള്ളത്.