പഹൽഗാം ഭീകരാക്രമണം; നടപടികളുടെ ഭാഗമായി പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് ഇന്ത്യ
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തിയാണ് പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറച്ചത്. കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി ഝലം നദിയിലെയും ഒഴുക്ക് നിയന്ത്രിക്കാന്‍ നീക്കമുണ്ട്. സിയാൽകോട്ടിന് സമീപം നദിയിൽ ജലനിരപ്പ് താഴ്ന്നതായും ഇന്ത്യ വെള്ളം പിടിച്ചുവയ്ക്കുന്നതായും പാകിസ്ഥാൻ ആരോപിച്ചു. പാക് അധീന കശ്മീരിലെ കാർഷിക മേഖല പ്രധാനമായും ചെനാബ്, ഝലം നദികളിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഝലം നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് പാകിസ്ഥാനിൽ നാശനഷ്ടങ്ങളുണ്ടാക്കി. യുദ്ധ ഘട്ടങ്ങളിൽപോലും റദ്ദാക്കാത്ത സിന്ധു നദീജല കരാർ മരവിപ്പിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ,- പാകിസ്ഥാനെതിരായ നടപടി തുടങ്ങിയത്.