സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയയാൾ ആത്മഹത്യ ചെയ്തു
കൊല്ലം : ദൃശ്യവിരുന്നിൽ വേഷമിടാനെത്തിയ കലാകാരനെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപുരം തെക്കുംപാട്വീട്ടിൽ കെ.വി.രാമകൃഷ്ണൻറെ മകൻ എം.മധുസൂദന(53)നാണ് മരിച്ചത്. സി.പി.എം. സംസ്ഥാനസമ്മേളനത്തിൻറെ ഭാഗമായി ക്യു.എ.സി. മൈതാനത്ത് ശനിയാഴ്ച അവതരിപ്പിക്കാനിരുന്ന ‘നവോത്ഥാനം, നവകേരളം’ ദൃശ്യവിരുന്നിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയ സംഘത്തിലെ അംഗമായിരുന്നു. ചൊവ്വാഴ്ചയാണ് സംഘം കൊല്ലത്തെത്തിയത്. വ്യാഴാഴ്ച നടത്താനിരുന്ന പരിപാടി പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കൊല്ലം കോൺവെൻറ് ജങ്ഷനിലെ ഹോട്ടലിലാണ് ഇവർക്ക് മുറി ക്രമീകരിച്ചിരുന്നത്. വൈകീട്ട് 5.30-ന് റിഹേഴ്സലിന് എത്താത്തതിനെത്തുടർന്ന് ഭാരവാഹി അന്വേഷിച്ചെത്തിയപ്പോൾ മുറി അടഞ്ഞുകിടക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരെത്തി തുറന്നപ്പോൾ തൂങ്ങിയനിലയിലായിരുന്നെന്നു പോലീസ് പറഞ്ഞു. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കൊല്ലം ഈസ്റ്റ് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.