കണ്ണൂർ കല്യാട് മോഷണം നടന്ന വീട്ടിലെ മകൻ്റെ ഭാര്യയെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കണ്ണൂർ : കണ്ണൂർ കല്യാട് മോഷണം നടന്ന വീട്ടിലെ മകൻ്റെ ഭാര്യയെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാട ക സാലിഗ്രാമത്തിലെ ലോഡ്ജിനുള്ളിലാണ് ഹുൻസൂർ സ്വദേശിയായ ദർശിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക വുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഒരാൾ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മോഷണം പോയ സ്വർണവും പണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ചയാണ് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും സുമതയുടെ വീട്ടിൽ നിന്നും മോഷണം പോയത്. കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. സുമതയും മറ്റൊരു മകൻ സൂരജും ചെങ്കൽ ക്വാറിയിൽ ജോലിക്കായി പോയിരുന്നു. ഇതിനുശേഷമാണ് മൂത്തമകന്റെ ഭാര്യയായ ദർശിതയും മകളും വീടും പൂട്ടി കർണാടകയിലേക്ക് പോയത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ ദർശിതയെ ലഭ്യമായിരുന്നില്ല.