തഹാവുർ റാണയെ എൻഐഎ അറസ്റ്റ് രേഖപ്പെടുത്തി; 20 ദിവസം കസ്റ്റഡിയിൽ
ന്യൂഡൽഹി : മുംബൈ ഭീകാരാക്രമണ ക്കേസിലെ പ്രതി തഹാവുർ ഹുസൈൻ റാണയെ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ പ്രത്യേക വിമാനത്തിലാണ് എൻഐഎ സംഘം റാണയെ ഡൽഹിയിൽ എത്തിച്ചത്. 2008ൽ 166ലേറെപേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് 17 വർഷത്തിനുശേഷമാണ് പാകിസ്ഥാൻ–- കനേഡിയൻ ബിസിനസുകാരനും മുൻ പാക് സൈനിക ഡോക്ടറുമായ റാണയെ ഇന്ത്യയ്ക്ക് കിട്ടുന്നത്. അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യ്തശേഷം പാട്യാലഹൗസ് കോടതിയിലെ പ്രത്യേക ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കി. വെള്ളി പുലർച്ചെ 2.30ഓടെ റാണയെ 20 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ കൈമാറി കോടതി ഉത്തരവിറക്കി.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും എൻഐഎ ആസ്ഥാനത്തുമടക്കം വൻസുരക്ഷയാണ് ഒരുക്കിയത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെയും സായുധ കമാൻഡോകളുടെയും അകമ്പടിയോടെയാണ് റാണയെ കോടതിയിലും എൻഐഎ ആസ്ഥാനത്തും എത്തിച്ചത്. 12 ഉദ്യോഗസ്ഥർ മാത്രമാണ് സെല്ലിൽ സന്ദർശിച്ചത്. യുഎപിഎ പ്രകാരം ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് റാണക്കെതിരെ ചുമത്തിയത്.
2009 ഒക്ടോബറിൽ ഷിക്കാഗോയിലാണ് റാണ പിടിയിലായത്. 2023 മെയിൽ റാണെയെ ഇന്ത്യക്ക് കൈമാറാമെന്ന് കലിഫോർണിയ കോടതി ഉത്തരവിട്ടെങ്കിലും റാണ മേൽക്കോടതികളെ സമീപിച്ച് നടപടികൾ നീട്ടുക്കൊണ്ടുപോയി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയും അമേരിക്കയിൽ അറസ്റ്റിലായെങ്കിലും ഇന്ത്യയിലെത്തിക്കാനായിട്ടില്ല. ലഷ്കർ ഭീകരൻ ഹാഫിസ് സയിദിന്റെ നിർദേശമനുസരിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്യാൻ റാണയാണ് ഹെഡ്ലിയെ സഹായിച്ചത് . ഹെഡ്ലിക്ക് ഇന്ത്യയിലെത്താൻ വ്യാജ തിരിച്ചറിയൽ രേഖയും വിസയും റാണെ തന്നെയാണ് സംഘടിപ്പിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.