സുരേഷ് ഗോപിയോട് സഹാനുഭൂതി കാണിക്കണം; അദ്ദേഹത്തെ ആ രീതിയിൽ കാണണമെന്നും ജോണ്‍ ബ്രിട്ടാസ്
കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹാനുഭൂതി കാണിക്കണമെന്നും അദ്ദേഹത്തെ ആ രീതിയിൽ കാണണമെന്നും ജോണ്‍ ബ്രിട്ടാസ്. അദ്ദേഹത്തോട് താൻ ഏറ്റുമുട്ടാൻ ഇല്ലെന്നും സഹാനുഭൂതിയും സ്നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു. ജബല്പൂരില് വി.എച്ച്.പിക്കാർ ക്രൈസ്തവരെ ആക്രമിച്ചതിനെ കുറിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ‘ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതി’യെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി പറയുകയായിരുന്നു ബ്രിട്ടാസ്.
ഇന്ന് രാവിലെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബ്രിട്ടാസിനെതിരെയും മാധ്യമപ്രവർത്തകർ ക്കെതിരെയും സുരേഷ് ഗോപി പൊട്ടിത്തെറിച്ചിരുന്നു. മധ്യപ്രദേശിലെ ജബല്പൂരില് വൈദികര്‍ നേരിട്ട ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പ്രതികരിച്ചത്. ‘നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബല്പൂരില് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും’-എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.