ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽനിന്ന് മടങ്ങും
തിരുവനന്തപുരം : ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽനിന്ന് മടങ്ങും. പുതിയ ഗവർണർ രാജേന്ദ്ര ആർലേകർ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കാനാണ് സാധ്യത. സ്ഥാനമൊഴിയുന്ന ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച 4.30-ന് രാജ്ഭവൻ ജീവനക്കാർ യാത്രയയപ്പ് നൽകും. എന്നാൽ സർക്കാരിന്റെ യാത്രയയപ്പിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അദ്ദേഹത്തിന്റെ യാത്രാപരിപാടി അറിയാൻ വൈകിയതുകൊണ്ടാണ് തീരുമാനമാകാത്തതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ആരിഫ് മുഹമ്മദ്ഖാൻ ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകും. 3.20-ന് അവിടെനിന്ന് ഡൽഹിയിലേക്കും. അതിനാൽ സർക്കാരിന് തിരുവനന്തപുരത്ത് യാത്രയയപ്പ് സംഘടിപ്പിക്കാൻ ഇനി സമയമില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് ദുഃഖാചരണമുള്ളതിനാൽ യാത്രയയപ്പ് നടത്താൻ തടസ്സമുണ്ട്. സർക്കാരുമായി നിരന്തരം പോരടിച്ചിരുന്ന ഗവർണർ മടങ്ങുന്നതിനുമുൻപ് അദ്ദേഹത്തെ മുഖ്യമന്ത്രി സന്ദർശിക്കുമോ എന്നതിലും വ്യക്തതയില്ല. ഡൽഹിയിൽനിന്ന് ഗവർണർ വ്യാഴാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്. ഞായറാഴ്ച രാജ്ഭവൻ വിട്ടാലും പുതിയ ഗവർണർ ചുമതലയേൽക്കുന്നതുവരെ ആരിഫ് മുഹമ്മദ് ഖാൻ തന്നെയായിരിക്കും കേരള ഗവർണർ. ആരിഫ് മുഹമ്മദ് ഖാൻ വ്യാഴാഴ്ച കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സന്ദർശിച്ച് യാത്രപറഞ്ഞിരുന്നു. തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിൽ പ്രസിഡന്റ് സ്വാമി മോക്ഷ വ്രതാനന്ദയെയും സന്ദർശിച്ചു.