ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം
മേപ്പാടി : ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബത്തെ മുഴുവൻ നഷ്ടമാകുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ജോലിക്ക് കയറുക. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. വയനാട് ജില്ലയിൽ തന്നെയാണ് നിയമനം നൽകിയിരിക്കുന്നത്. റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലുളളവർ ഒന്നാകെ ശ്രുതിക്ക് നഷ്ടമായിരുന്നു. അവിടെയാണ് പ്രതിശ്രുത വരൻ തുണയായി എത്തിയത്. അങ്ങനെയാണ് മാദ്ധ്യമങ്ങളിലും ഇരുവരും വാർത്തയാകുന്നത്. ആ ദുരന്തത്തിൽ നിന്ന് ശ്രുതി കരകയറുന്നതിനിടെ ഇരുവരും ബന്ധുവീട്ടിലേക്ക് ഒരുമിച്ച് നടത്തിയ യാത്രയ്ക്കിടെയാണ് വാഹനം അപകടത്തിൽപെടുകയും ജെൻസന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ഏറെ പരിശ്രമിച്ചെങ്കിലും ജെൻസന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു. എല്ലാവരോടും നന്ദി പറയുന്നുവെന്ന് ശ്രുതി പ്രതികരിച്ചു. നിയമന ഉത്തരവ് ഇറങ്ങിയ വിവരം മന്ത്രി അറിയിച്ചിരുന്നു. ഒന്നിനും പകരം ആകില്ലെങ്കിലും മുന്നോട്ടുപോകാൻ ജോലി ആവശ്യമാണെന്നും ശ്രുതി പറഞ്ഞു. ഈ വിഷമങ്ങളിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ശ്രുതി പറഞ്ഞു.