ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാം -മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാന നഗരി ഒരുങ്ങി
തിരുവനന്തപുരം : ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാം -മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാന നഗരി ഒരുങ്ങി. 21ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഉദ്ഘാടനംചെയ്യും. 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങൾ 22മുതലാണ്. മേളയുടെ ഗുഡ്വിൽ അംബാസഡർ നടി കീർത്തി സുരേഷാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഞ്ജു സാംസൺ സ്കൂള് ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസഡറാണ്. മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിലായി നടക്കും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തി ന്റെ നിർമാണം പുരോഗമിക്കുന്നു.
സെൻട്രൽ സ്റ്റേഡിയത്തിൽ വടംവലിയടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അത്ലറ്റിക്സ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാ ണ്. ത്രോ മത്സരങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. സമാപന സമ്മേളനവും ഇവിടെയാണ്. പന്തലിനുള്ള കാൽനാട്ടൽ മന്ത്രി നിർവഹിച്ചു. ഭക്ഷ്യധാന്യ സംഭരണത്തിനും തുടക്കമായി. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കൽ ഒഫീഷ്യൽസിനെയും സെലക്ടേഴ്സിനെയും വളന്റിയേഴ്സിനെ യും നിയോഗിച്ചു. കുട്ടികൾക്ക് താമസിക്കുന്നതിനായി 70 സ്കൂളുകളും സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടമടക്കം അഞ്ച് അടുക്കളകൾ സജ്ജീകരിച്ചു. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് കഴിക്കാൻ സൗകര്യമുണ്ടാകു മെന്നും മന്ത്രി പറഞ്ഞു. സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര ഇന്ന് രാവിലെ എട്ടിന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് തുടങ്ങും. കണ്ണൂർ 10.30, ഇരിട്ടി 12.00, മാനന്തവാടി 1.30, കൽപറ്റ 3.00 എന്നിവിടങ്ങളിലാണ് സ്വീകരണം.