സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള മികച്ച ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങൾക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ വേണം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാനെന്നും അദ്ദേഹം പറഞ്ഞു.
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേരുന്നു. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസ ത്തോടെ പ്രകടിപ്പിക്കാനുള്ള മികച്ച ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണം.
നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് 2023-നെ അടിസ്ഥാനമാക്കി പരിഷ്കരിച്ച പാഠപുസ്തകങ്ങളിലൂടെ പഠനം പൂർത്തിയാക്കിയാണ് നിങ്ങൾ ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. വിമർശനാത്മക ചിന്തയും വിശകലന നൈപുണിയും സർഗ്ഗാത്മകതയും ഉൾപ്പെടെയുള്ള 21-ാം നൂറ്റാണ്ടിന്റെ ശേഷികൾ നിങ്ങളിൽ എത്രത്തോളം വളർന്നു എന്ന് പരിശോധിക്കുന്ന രീതിയിലാണ് പുതിയ മൂല്യനിർണ്ണയ ക്രമം വിഭാവനം ചെയ്തിട്ടുള്ളത്.
ഈ വർഷത്തെ പരീക്ഷാ ഘടനയിൽ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല എന്ന് എല്ലാ കുട്ടികളും പ്രത്യേകം ഓർക്കേണ്ട തുണ്ട്. പരീക്ഷയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഭീതി പരത്താൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ വിവേകത്തോടെ തള്ളിക്കളയണം. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെ ന്നതിനാൽ എല്ലാ കുട്ടികൾക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാൻ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളിൽ പതറാതെ അധ്യാപകരുടെ നിർദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടർന്ന് ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.
പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തിൽ എല്ലാവർക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടു ണ്ടെന്നും നിങ്ങൾ മനസ്സിലാക്കണം. പരീക്ഷാ തിരക്കുകൾക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മുൻഗണന നൽകാൻ ശ്രദ്ധിക്കണം. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങൾക്കായി തുറന്നുകിടക്കുക യാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ വേണം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാൻ. നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പരീക്ഷയെഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.