പി.വി അന്‍വര്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കണ്‍വീനര്‍
തിരുവനന്തപുരം : പി.വി അന്‍വര്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കണ്‍വീനര്‍. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പി.വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പാര്‍ട്ടി ചെയര്‍പേഴ്സണും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജിയാണ് അന്‍വറിനെ പാര്‍ട്ടിയുടെ പുതിയ സ്ഥാനത്തേക്ക് നിയമിച്ചത്. എം.എൽ.എ. സ്ഥാനം രാജിവെച്ചശേഷം അൻവർ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കണ്‍വീനറാക്കിയ പ്രഖ്യാപനമുണ്ടായത്.
ജനുവരി പത്താംതീയതി വെള്ളിയാഴ്ച വൈകീട്ടായിരുന്നു കൊല്‍ക്കത്തയി ലെത്തിയ അന്‍വന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനത്തെത്തു കയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയില്‍നിന്ന് അംഗത്വം സ്വീകരിക്കുകയും ചെയ്തത്. ഇതിന് ശേഷമാണ് മൂന്ന് ദിവസത്തിനിപ്പുറം എം.എല്‍.എ സ്ഥാനം രാജിവെച്ചത്. ഇതോടെ തൃണമൂല്‍ പ്രവേശനത്തിന് ഔദ്യോഗിക പരിവേഷമൊരുങ്ങുകയും ചെയ്തു.2011 മുതല്‍ ഇടതിന്റെ ഭാഗമായ അന്‍വര്‍ പോലീസിനെതിരേ ആരോപണമുന്നയിച്ചുകൊണ്ടായിരുന്നു സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരേ യുള്ള യുദ്ധപ്രഖ്യാപനത്തിന് തുടക്കം കുറിച്ചത്. ആദ്യം പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആര് അജിത് കുമാറിനെതിരേയും ആരോപണമുന്നയിച്ച് തുടങ്ങി പിന്നീട് പിണറായി വിജയനിലേക്കെത്തി. ഇതോടെ പാര്‍ട്ടി പൂര്‍ണമായും അന്‍വറിനെ തള്ളിപ്പറയുകയും ചെയ്തു. വനംവകുപ്പ് ഓഫീസ് അക്രമിച്ചുവെന്നതിന്റെ പേരില്‍ ഇതിനിടെ അൻവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.