രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികം നൽകും
തിരുവനന്തപുരം : രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് KCA പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അംഗങ്ങൾക്കും മാനേജ്മെന്റിനുമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരെ ഉള്ള പോരാട്ടത്തിൽ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. കായിക മന്ത്രി അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി.ആർ അനിൽ, പി. രാജീവ്, എം,ബി രാജേഷ്, എംഎൽഎമാർ, പൗരപ്രമുഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ പങ്കെടുത്തു.