63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനോട് അനുബന്ധിച്ചുള്ള സംസ്കൃത കലോത്സവത്തിലും ഗംഭീര പ്രകടനങ്ങള്‍
തിരുവനന്തപുരം : 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനോട് അനുബന്ധിച്ചുള്ള സംസ്കൃത കലോത്സവത്തിലും ഗംഭീര പ്രകടനങ്ങള്‍. തൈക്കാട് ഗവ. എല്‍പി സ്കൂളിലെ കുറ്റ്യാടിപ്പുഴ വേദിയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ സംസ്കൃത പദ്യപാരായണ മത്സരം നടന്നു. പതിനാല് ജില്ലകളില്‍ നിന്നും 28 മത്സരാര്‍ത്ഥികളാണ് എട്ട് ക്ലസ്റ്ററുകളിലായി പങ്കെടുത്തത്. അസിസ്റ്റന്റ് പ്രൊഫ. ഡോ. രൂപ വി, പ്രൊഫ. ഡോ.വി പ്രമീള കുമാരി, സംസ്കൃത അധ്യാപിക കെ ജി രമ ഭായി എന്നിവരടങ്ങുന്ന വിദഗ്ധരാണ് വിധിനിര്‍ണയം നടത്തിയത്. കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഹൈസ്കൂള്‍ വിഭാഗം സംസ്കൃത നാടകം മത്സരത്തില്‍ 3 ക്ലസ്റ്ററുകളിലായി 14 ടീമുകളാണ് പങ്കെടുത്തത്. വേദി 4 ആയ അച്ചന്‍കോവിലാറിലാണ് നാടകങ്ങള്‍ നടന്നത്. ഡോ. ഹരിനാരായണന്, ചന്ദ്രശേഖരന്, വിനോദ് കാട്ടുമുണ്ട എന്നിവര്‍ അടങ്ങുന്നതായിരുന്നു ജഡ്ജിങ് പാനല്‍. യുദ്ധ പുരാണം, അസമത്വം, സ്ത്രീ ശാക്തീകരണം എന്നിവയായിരുന്നു പ്രധാന പ്രമേയങ്ങള്‍. വേദി 18 ആയ കുറ്റ്യാടിപ്പുഴയിലാണ് ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അഷ്ടപദി മത്സരം നടന്നത്. 14 ജില്ലകളില്‍ നിന്നും 28 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ഡോ.ശ്യാമള കെ, വി ജയദേവന്, ടി രമ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.