ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടിക്ക് ഇന്ന് നിർണ്ണായകം; ഡി.മണിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടിക്ക് ഇന്ന് നിർണ്ണായകം. ശബരിമലക്കൊള്ളയിലെ രാജ്യാന്തര ബന്ധത്തിന്റെ കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി ഡി.മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. നോട്ടിസ് നൽകി വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. മണിയുടെ സഹായികൾ എന്ന് സംശയി ക്കുന്ന ബാലമുരുകനും ശ്രീകൃഷ്ണനും ഇന്ന് തന്നെ ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇവരുടെ പേരിലുള്ള മൊബൈൽ നമ്പർ ഡി. മണി ഉപയോഗിച്ചിരുന്നതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി വഴി ശബരിമലയിലേതടക്കം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മണി നിയന്ത്രിക്കുന്ന സംഘം രാജ്യാന്തര കള്ളകടത്ത് സംഘത്തിന് വിറ്റുവെന്നാണ് പത്തനംതിട്ട സ്വദേശിയായ വ്യവസായിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യും. തെളിവ് ലഭിച്ചാൽ സ്വർണ്ണക്കൊള്ളയിൽ മൂന്നാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും. പ്രവാസി വ്യവസായിയെ സാക്ഷിയാക്കിയേക്കും. അതേസമയം സ്വർണ്ണക്കൊള്ള കേസിൽ ഒടുവിൽ പിടിയിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.