ശബരിമലയിൽ മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും; പകൽ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും
ശബരിമല : ശബരിമലയിൽ മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും. പകൽ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് മകരസംക്രമ പൂജ നടക്കുക. കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻവശം കൊടുത്ത യയ്ക്കുന്ന നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി 14ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിക്കും. 12, 13 തീയതികളിൽ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ആരംഭിക്കും.
എരുമേലി ചന്ദനക്കുടം ശനിയാഴ്ചയും പേട്ടതുള്ളൽ ഞായറാഴ്ചയും നടക്കും. ചന്ദനക്കുട മഹോത്സവത്തിന് തുടക്കം കുറിച്ച് ശനി പകൽ മൂന്നിന് അമ്പലപ്പുഴ സംഘവും എരുമേലി മഹല്ലാ ജമാഅത്തും ചേർന്നുള്ള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ നടത്തും. വൈകിട്ട് ആറിന് പള്ളി വളപ്പിൽ ചേരുന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചന്ദനക്കുട ഘോഷയാത്ര മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും. എരുമേലി പട്ടണം ചുറ്റി വരുന്ന ഘോഷയാത്ര ഞായർ പുലർച്ച 2.30ഓടെ പള്ളി വളപ്പിൽ സമാപിക്കും.ഞായർ പകൽ പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ പകൽ മൂന്നിന് തുടങ്ങും.