നരഭോജികള്‍ നരഭോജികള്‍ തന്നെ; ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്യുവിന്റെ പേരില്‍ പോസ്റ്റര്‍
തിരുവനന്തപുരം : ഫേസ്ബുക്കില്‍ സിപിഐഎമ്മിനെതിരായ നരഭോജി പരാമര്‍ശം പിന്‍വലിച്ച സംഭവത്തില്‍ ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്യുവിന്റെ പേരില്‍ പോസ്റ്റര്‍. നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തിക്കൊണ്ടാണ് പോസ്റ്റര്‍. അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും ഷുഹൈബ്, കൃപേഷ്, ശരത്ലാല് എന്നിവരെ കമ്മ്യൂണിസ്റ്റ് നരഭോജികളാണ് കൊന്നുതള്ളിയതെന്നും പോസ്റ്ററില്‍ പറയുന്നു. ലേഖന വിവാദം കോണ്‍ഗ്രസിനെ വെട്ടിലാക്കിയതിനിടെയാണ് സിപിഐഎമ്മിനെതിരായ ഫേസ്ബുക്കിലെ നരഭോജി പരാമര്‍ശം നീക്കി തരൂര്‍ വീണ്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ തരൂരിന്റെ വാക്കുകളെ തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്യു തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കൃപേഷിന്റേയും ഷുഹൈബിന്റേയും ശരത്ലാലിന്റേയും ചിത്രമുള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. ഓഫിസിന് പുറത്ത് കെഎസ്യുവിന്റെ കൊടിയും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കെഎസ് യു തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ഗോപു നെയ്യാറും തരൂരിനെതിരെ സമാന വിമര്‍ശനമുന്നയിച്ചുകൊണ്ട് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.