ട്രാക്കും ഫീൽഡുമുൾപ്പെടെ മൈതാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു; കായികതാരങ്ങളും വിധികർത്താക്കളും എത്തിത്തുടങ്ങി
കൊച്ചി : ട്രാക്കും ഫീൽഡുമുൾപ്പെടെ മൈതാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു, കായികതാരങ്ങളും വിധികർത്താക്കളും എത്തിത്തുടങ്ങി. മലയാളക്കരയിൽനിന്ന് പുതിയ ദേശീയ, അന്തർദേശീയ താരങ്ങളെവരെ സൃഷ്ടിക്കുന്ന സംസ്ഥാനത്തിന്റെ സ്വന്തം കായിക മാമാങ്കത്തിലേക്ക് ഇനിയൊരു ഫൈനൽ വിസിലിന്റെ ദൂരം മാത്രം.
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്താദ്യമായി നടക്കുന്ന കേരള സ്കൂൾ കായികമേള തിങ്കളാഴ്ച മുതൽ നവംബർ 11 വരെ കൊച്ചി നഗരമുൾപ്പെടെ എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ വേദികളിൽ അരങ്ങേറും. തിങ്കളാഴ്ച ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും മാത്രമേ നടക്കൂ. വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ മന്ത്രി പി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. നടൻ മമ്മൂട്ടി സാംസ്കാരിക പരിപാടികളും ഉദ്ഘാടനം ചെയ്യും. മാർച്ച് പാസ്റ്റ്, ദീപശിഖ റാലി, ആയിരങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയുൾപ്പെടെ ഏറെ വർണാഭമാണ് ഉദ്ഘാടനച്ചടങ്ങ്. ചൊവ്വാഴ്ച മുതലാണ് വിവിധ വേദികളിലായി കായികമത്സരങ്ങൾ അരങ്ങേറുക. നവംബർ 11ന് മഹാരാജാസ് ഗ്രൗണ്ടിൽ മേളയുടെ സമാപനവും സമ്മാനദാനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.