തളിപ്പറമ്പ് ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി കുപ്പംപുഴയിൽ തള്ളിയ മണ്ണ് നീക്കാൻ തുടങ്ങി
തളിപ്പറമ്പ് : തളിപ്പറമ്പ് ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി കുപ്പംപുഴയിൽ തള്ളിയ മണ്ണ് നീക്കാൻ തുടങ്ങി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നേരത്തെയുള്ള പാലത്തിന് സമീപം നിർമിച്ച പുതിയപാലത്തിനായുള്ള കോൺക്രീറ്റ് ബീമുകൾ സ്ഥാപിക്കാൻ പുഴയിൽ നിക്ഷേപിച്ച മണ്ണാണ് നീക്കിയത്. മണ്ണുനീക്കാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ കരഭാഗങ്ങളിലേക്ക് വെള്ളംകയറാൻ തുടങ്ങിയിരുന്നു. ഒഴുക്ക് തടസ്സപ്പെട്ട് പുഴയിൽ ജലനിരപ്പ് ഉയരുകയും കുപ്പത്തെ ഇരുകരകളിലുമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലുൾപ്പെടെ വെള്ളം കയറിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ഭയന്നാണ് മണ്ണ് നീക്കാൻ തുടങ്ങിയത്. നാല് ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്.