തൃശൂർ പൂരം ഇന്ന്; കുടമാറ്റം വൈകിട്ട് 5.30ന്, വെടിക്കെട്ട് നാളെ പുലർച്ചെ 3ന്
തൃശൂർ : മേടച്ചൂടിലും ‘പൂര’ജനം സാക്ഷി. പൊൻതിളക്കമാർന്ന നെറ്റിപ്പട്ടവും കോലവും ആടയാഭരണങ്ങളുമണിഞ്ഞ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പൻ കൊച്ചിൻ ദേവസ്വം ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. പുഷ്പവൃഷ്ടിയോടെ ജനങ്ങൾ ആരവമുയർത്തിയപ്പോൾ ശിവകുമാർ തുമ്പിക്കൈ ഉയർത്തി. തിങ്കൾ പകൽ 12.45നായിരുന്നു പൂരവിളംബരം. രാവിലെ ഏഴിന് കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് തുടങ്ങി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കടന്ന് തേക്കിൻകാട് മൈതാനിയിലൂടെ മണികണ്ഠനാലിൽ എത്തി. കക്കാട് രാജപ്പൻ പ്രമാണിയായി നൂറോളം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെ ത്തി കൊട്ടിക്കയറി. തൃപുടയോടെ ക്ഷേത്രം പ്രദക്ഷിണം വച്ചശേഷം അടിയന്തിര മാരാർ മൂന്നുതവണ ശംഖുവിളിച്ചതോടെ യാണ് തെക്കേ ഗോപുര വാതിൽ തുറന്നത്.
ചൊവ്വാഴ്ചയാണ് പൂരം. രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളിൽനിന്ന് ചെറുപൂരങ്ങളുടെ വരവ്. പകൽ 11.30നാണ് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയാവും. നായ്ക്കനാലിൽ എത്തിയാൽ പഞ്ചവാദ്യം പാണ്ടിമേളത്തിന് വഴിമാറും. ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാർ പ്രമാണിയായി ശ്രീമൂലസ്ഥാനത്തെത്തി കൊട്ടിക്കയറ്റം. പകൽ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. ഗുരുവായൂർ നന്ദൻ തിടമ്പേറ്റും. രണ്ടോടെ കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായി ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വർണക്കുടമാറ്റവും. രാത്രി പാറമേക്കാവ് പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻമാരാർ പ്രമാണിയാവും. ബുധനാഴ്ച പുലർച്ചെയാണ് വെടിക്കെട്ട്. രാവിലെ പകൽപൂരത്തിനുശേഷം ഉപചാരം ചൊല്ലി പിരിയും. വെടിക്കെട്ടും ഉണ്ടാവും