പകർച്ചവ്യാധി പ്രതിരോധം; പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധിക ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജലദോഷം, വൈറൽ പനികൾ, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്.
കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്കൂളിൽ വിടാതെ അവരുടെ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയം ചികിത്സ അരുത്. നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തിവരുന്നു. പക്ഷിപ്പനിയ്ക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചത്ത മൃഗങ്ങളേയും പക്ഷികളേയും സുരക്ഷാ മുൻകരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. വളർത്തു മൃഗങ്ങളേയും പക്ഷികളേയും വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചത്ത പക്ഷികളേയോ മൃഗങ്ങളേയോ കൈകാര്യം ചെയ്തവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു
സംസ്ഥാനത്ത് എച്ച്.1 എൻ.1 കേസുകൾ കൂടുന്നതിനാൽ മാസ്ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗികളല്ലാത്തവർ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം. ജലദോഷമുള്ളവർ മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം. ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്ക് ഉപയോഗിക്കണം. എലിപ്പനിയ്ക്കെതിരെയും അതീവജാഗ്രത പുലർത്തണം. മലിനജലവുമായുള്ള നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യേണ്ടത് നിർബന്ധമാണ്. മണ്ണ്, ജലം എന്നിവയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർ സുരക്ഷാ മുൻകരുതലുകളെടുക്കണം. മലിന ജലത്തിലിറങ്ങിയവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.