പഴയങ്ങാടി റെയിൽവേ അടിപ്പാത യാഥാർഥ്യമാകും; പ്രവൃത്തി ഫെബ്രുവരി അവസാനവാരമെന്ന് എം.എൽ.എ.
പഴയങ്ങാടി : റെയിൽവേ സ്റ്റേഷൻ റോഡിലെ റെയിൽവേയുടെ കുപ്പിക്കഴുത്തിനു സമാനമായ ഇടുക്കിയ അടിപ്പാതയ്ക്ക് സമാന്തരമായി മറ്റൊരു അടിപ്പാതയ്ക്ക് പച്ചക്കൊടിയായി. നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ബ്രിട്ടീഷുകാർ കാളവണ്ടിക്ക് കടന്നുപോകാൻ പാകത്തിൽ പണിത ഈ അടിപ്പാതയ്ക്ക്. പിന്നീട് നവീകരിച്ചുവെങ്കിലും പുതിയങ്ങാടി, മാട്ടൂൽ ഭാഗത്തേക്കുള്ള യാത്രയിലെ വലിയ ദുരിതമായി തന്നെ തുടരുന്ന അവസ്ഥയാണുണ്ടായത്. നവീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സമാന്തരമായി മറ്റൊരു അടിപ്പാതയെന്ന ആശയം കൊണ്ടുവന്നത്. എം. വിജിൻ എം.എൽ.എ.യുടെ ഇടപെടലോടെ കേരള സർക്കാർ ഇതിനു അനുകൂല നിലപാടെടുത്തു. പുതിയ സമാന്തര അടിപ്പാതയുടെ ടെൻഡർ നടപടി പൂർത്തിയായതായും പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി അവസാനവാരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിപ്പാത നിർമാണത്തിന് ഏഴ് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. പ്രവൃത്തിക്ക് ആവശ്യമായ തുക സംസ്ഥാന സർക്കാർ റെയിൽവേക്ക് നേരത്തെ അടച്ചിരിന്നു. റെയിൽവേ അധികൃതരുടെയും എം.എൽ.എ.യുടെ യും നേതൃത്വത്തിൽ സ്ഥലം പരിശോധിക്കു കയും, പദ്ധതി നടപ്പിലാക്കാൻ സാധിക്കു മെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് അധികൃതരെ അറിയിച്ചു. റെയിൽവേ എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന ബജറ്റിൽ ഏഴ് കോടി രൂപ അടിപ്പാത നിർമ്ിക്കാൻ സർക്കാർ അനുവദിച്ചു. റെയിൽവേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുക. ഭൂമി ഏറ്റെടുക്കൽ നടപടി റവന്യൂ വകുപ്പ് പൂർത്തികരികരിച്ചിട്ടുണ്ട്. പുതിയ അടിപ്പാത, അടിപ്പാതയിൽ ഉണ്ടായേക്കാ വുന്ന മഴവെള്ളത്തെ ഒഴുക്കി വിടുന്നതിനായി സംബ്ടാങ്കും പുഴയിലേക്ക് ഓവുചാൽ നിർമാണവും നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് മീറ്റർ വീതിയുണ്ടാകും. അടിപ്പാത പൂർത്തിയായൽ വൺവേ സംവിധാനം ഏർപ്പെടുത്തും.