കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത മുസ്തഫ പ്രചരിപ്പിച്ച വീഡിയോയ്ക്കെതിരെ പൊലിസിൽ പരാതി
കണ്ണൂർ : കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത മുസ്തഫ പ്രചരിപ്പിച്ച വീഡിയോയ്ക്കെതിരെ പൊലിസിൽ പരാതി. വീഡിയോയിൽ ഉൾപ്പെട്ട ബസിലെ യാത്രക്കാരിയാണ് കണ്ണൂർ സിറ്റി സൈബർ പൊലിസിനെ സമീപിച്ചത്. ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. വീഡിയോ ദൃശ്യങ്ങളിൽ തന്നെക്കുറിച്ച് തെറ്റിദ്ധാരണ യുണ്ടാക്കുന്നുവെന്നും, അതിനാൽ വീഡിയോ എത്രയും വേഗം നീക്കം ചെയ്യണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ദീപക് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത പകർത്തിയ വീഡിയോയിൽ പരാതിക്കാരിയും ഉൾപ്പെട്ടിട്ടുണ്ട്. വീഡിയോ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് തന്റെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്നു. ജനങ്ങൾ വീഡിയോ തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഇത് നീക്കം ചെയ്യാൻ നടപടി വേണം. അതേസമയം, ഈ പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലിസിന് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്.