സി.സി. മുകുന്ദന്റെ എംഎൽഎയുടെ വീടിന് ജപ്തി; സഹായിക്കുമെന്ന് സിപിഐ
തൃശ്ശൂർ : നാട്ടിക എംഎൽഎ സി.സി. മുകുന്ദന്റെ വീടിന്റെ ദയനീയാവസ്ഥയും ജപ്തിക്കാര്യവും വീണ് പരിക്കേറ്റതും അറിയാൻ നേരിട്ടെത്തിയത് ഒട്ടേറെപ്പേർ. നൂറുകണക്കിനാളുകൾ ഫോണിൽ വിളിച്ച് കാര്യം തിരക്കിയെന്നും എംഎൽഎ മാതൃഭൂമിയോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാവിലെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. മന്ത്രി കെ. രാജനും എംഎൽഎയെ വിളിച്ചിരുന്നു. അടുത്ത ദിവസം നേരിലെത്താമെന്ന് മന്ത്രി എംഎൽഎ യോട് പറഞ്ഞു.
വീട് ജപ്തിയായതും വീട്ടിനുള്ളിലേക്ക് വീണ മഴവെള്ളത്തിൽ തെന്നിവീണ് എംഎൽഎയ്ക്ക് പരിക്കേറ്റതും കാണിച്ച് മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വീടിന്റെ ജപ്തിയുടെ കാര്യത്തിൽ പേടി വേണ്ടതെന്നും ആവശ്യമായത് ചെയ്യാമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ നേരിട്ടെത്തി എംഎൽഎയ്ക്ക് ഉറപ്പ് നൽകി. നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർകുമാർ, അസി. സെക്രട്ടറി എ.കെ. അനിൽകുമാർ എന്നിവർക്കൊപ്പമാണ് ശിവാനന്ദൻ എത്തിയത്. പതിനെട്ടുലക്ഷ ത്തിലേറേ വരുന്ന വായ്പാ ബാധ്യതയാണ് സിസി മുകന്ദനുള്ളത്. ബാധ്യത തീര്‍ക്കാന്‍ വീടുവില്‍ക്കുന്നത് ഉള്‍പ്പെടെ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളുടെ വിവാഹത്തി നായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് പത്തുവര്‍ഷം മുന്‍പ് ആറുലക്ഷം രൂപ വായ്പയെടുത്തു. തിരഞ്ഞടുപ്പിനു മുന്‍പ് ഒരുതവണ വായ്പ പുതുക്കി. ഇപ്പോള്‍ കുടിശ്ശിക 18.75 ലക്ഷമായി. ജപ്തിക്കാര്യമറിയിച്ച് ബാങ്കുകാര് പലതവണ കത്തയച്ചിരുന്നു. എംഎല്‍എ ആയതുകൊണ്ടാണ് ഇറക്കിവിടാത്തതെന്നും മുകുന്ദന് പറഞ്ഞിരുന്നു.