എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ SHO പ്രതാപ ചന്ദ്രന് സസ്പെൻഷൻ
എറണാകുളം : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ SHO പ്രതാപ ചന്ദ്രന് സസ്പെൻഷൻ. മർദന ദൃശ്യങ്ങൾ പുറത്തുവന്ന ഉടൻ തന്നെ വിഷയത്തിൽ കർശനനടപടി എടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക പരിശോധന പൂർത്തിയാക്കി നടപടി എടുക്കാൻ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ക്രമസമാധാന ചുമതലയുള്ള എച്ച് വെങ്കിടേഷിന് നിർദേശം നൽകിയത്. ഈ പരിശോധന യുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിരിക്കുന്നത്. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയാണ് പ്രതാപ ചന്ദ്രൻ.
സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കാം. സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള ആഭ്യന്തര അന്വേഷണം നടത്താൻ കൂടി ഇതിനകം തന്നെ തീരുമാനമായിട്ടുണ്ട്. സത്യം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്ന് മർദനമേറ്റ യുവതിയുടെ ഭർത്താവ് ബെഞ്ചോ പറഞ്ഞു. പൊലീസുകാരൻ എന്ന പദവിയിൽ കഴമ്പില്ലാത്ത കാര്യങ്ങളാണ് ഉദ്യോഗസ്ഥൻ പറയുന്നത്. നടപടിയിൽ സന്തോഷമെന്നും സി ഐയുടെ പ്രതികരണം വേദനിപ്പിച്ചെന്നും മർദനമേറ്റ ഷൈമോൾ പ്രതികരിച്ചു. ഇരുവരുടേയും നിയമപോരാട്ടത്തിന് ഒടുവിലാണ് 2024 ജൂണിൽ നടന്ന ക്രൂര മർദന ദൃശ്യങ്ങൾ പുറത്തുവന്നത്.