ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രി യിൽ ഹൗസ്സർജൻ വന്ദന ദാസിനെ (25) കുത്തിക്കൊന്ന കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസില് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി മുമ്പ് കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപിന്റെ കുത്തേറ്റ് 2023 മെയ് 10നാണ് ഹൗസ് സർജൻ വന്ദനദാസ് കൊല്ലപ്പെട്ടത്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാർഡ് അലക്സ്കുട്ടി, സന്ദീപിന്റെ അയൽവാസി യും സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ബിനു എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
നെടുമ്പന യുപി സ്കൂൾ അധ്യാപകനായ എസ് സന്ദീപ് കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. വന്ദനദാസിനെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു.2023 മേയ് 10ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓടനാവട്ടം സ്വദേശി ശ്രീനിലയത്തിൽ ജി സന്ദീപിനെ (42) വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചതായി രുന്നു. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് വന്ദനയെയും ഒപ്പമുണ്ടായിരുന്ന വരെയും ആക്രമിക്കുകയായിരുന്നു. വ്യവസായി കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ ജി മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശി വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദന ദാസ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വിദ്യാർഥിയായിരുന്നു.