സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി ഇന്ന്
കൊല്ലം : ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴം വിധി പറയും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷക സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്നു കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം അപഹരിച്ച കേസിൽ ജനുവരി 21ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളിക്കേസിൽ ബുധനാഴ്ച നടന്ന വാദത്തിൽ സ്വാഭാവിക ജാമ്യം നൽകുമെങ്കിൽ കർശന ഉപാധികൾ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ഇരുകേസിലും ജുഡീഷ്യൽ റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് നീട്ടി.
ദേവസ്വം ബോർഡ് മുൻ തിരുവാഭരണം കമീഷണർ കെ എസ് ബൈജുവിന്റെ ജാമ്യഹർജി 11ന് പരിഗണിക്കും. നവംബർ ആറിനാണ് ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നൽകിയത്. ശബരിമല സ്വർണാപഹരണവുമായി ബന്ധപ്പെട്ട ഇരുകേസിലും ബൈജു പ്രതിയാണ്. സ്വർണത്തിന്റെ കൈവശക്കാരൻ എന്ന നിലയിൽ ജാഗ്രത പുലർത്തിയില്ലെന്നും 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊടുത്തുവിടാനുള്ള ഉത്തരവിൽ ഒപ്പിട്ടെന്നുമാണ് ബൈജുവിനെതിരായ എസ്ഐടിയുടെ ആരോപണം.