അതിജീവിതയ്ക്ക് നേരെ വീണ്ടും സൈബർ ആക്രമണം; രാഹുൽ ഈശ്വറിനെതിരെ പരാതി
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ അതിജീവിതയ്ക്ക് നേരെ വീണ്ടും സൈബർ ആക്രമണം നടത്തിയ രാഹുൽ ഈശ്വറിനെതിരെ പരാതി. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സമൂഹമാധ്യമത്തിലൂടെ വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നും അതിജീവിത പരാതിയിൽ പറയുന്നു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്കിയ പരാതി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് കൈമാറി.
നേരത്തെ യുവതിയെ വിഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് നിലവിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്നുമുള്ള നിബന്ധനയിലുമാണ് ജാമ്യം ലഭിച്ചത്. നവംബർ 30നാണ് രാഹുൽ ഈശ്വർ കസ്റ്റഡിയിലാകുന്നത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിമാൻഡിലായതോടെ ജയിലിൽ നിരാഹാരം കിടക്കുമെന്ന് രാഹുൽ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യം മോശമായതോടെ നിരാഹാരം അവസാനിപ്പിച്ചു. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്.