തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ വിഎസിന്റെ ചിത്രം മാറ്റി; പ്രതിഷേധവുമായി സിപിഐഎം
തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയിൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം മാറ്റിയതിൽ പ്രതിഷേധവുമായി സിപിഐഎം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വിഎസിന്റെ ചിത്രം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാറ്റിയെന്നാണ് സിപിഐഎമ്മിന്റെ പരാതി.
വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ എന്ന പേര് ചുരുണ്ടിക്കളയുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിഎസിന്റെ ചിത്രം മാറ്റിയത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചിത്രം മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും, വിഷയം പരിശോധിക്കാ മെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഉഷ കുമാരി പ്രതികരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തത്.