ഗൾഫ് മേഖലയിൽ നിന്ന് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ
ന്യൂഡൽഹി : ഗൾഫ് മേഖലയിൽ നിന്ന് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ. നാളെ മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും 58 സർവീസുകൾ ഉണ്ടാകും. 30 സർവീസുകൾ ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 28 സർവീസുകളും നടത്തും. ഇന്ന് ഇന്ത്യൻ കമ്പനികൾ 24 സർവീസുകളാണ് നടത്തിയത്.
കൂടുതൽ അന്താരാഷ്ട്ര കമ്പനികളുടെ വിമാന സർവീസുകളും ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജിദ്ദയില്‍ നിന്നും മസ്കത്തില് നിന്നുമാകും ഇന്‍ഡിഗോ സര്‍വീസ് നടത്തുക. യുഎഇയില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകും. ടിക്കറ്റെടുത്ത് കുടുങ്ങിപ്പോയവരെ വിവരങ്ങള്‍ അറിയിക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് യാത്രക്കാർ വന്നാൽ മതിയെന്ന് വിമാന കമ്പനികൾ പറഞ്ഞു.
മസ്ക്കത്തിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾ കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗലാപുരം സർവീസുകൾ നാളെ തുടങ്ങും. കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും ഉണ്ടാകുമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കാനുള്ള നീക്കമാണ് വിമാന കമ്പനികൾ നടത്തുന്നത്. സംഘർഷം തുടങ്ങി ഇതുവരെ ഇന്ത്യൻ കമ്പനികൾ റദ്ദാക്കിയത് 1221 സർവീസുകളാണ്. അന്താരാഷ്ട്ര കമ്പനികൾ 388 സർവീസുകളും റദ്ദാക്കിയിരുന്നു.