ലൈഫ് മിഷനിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ആഹ്ലാദനിറവിൽ കേരളം; പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം : ലൈഫ് മിഷനിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ച തിന്റെ ആഹ്ലാദനിറവിൽ കേരളം. തിരുവനന്തപുരത്ത് കരകുളം പഞ്ചായത്തിലെ കോമളകുമാരിയുടെ ഗൃഹപ്രവേശ ചടങ്ങിൽ ചൊവ്വ പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കും. വൈകിട്ട് നാലിന് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അഞ്ച് ലക്ഷം വീട് പൂർത്തിയായതിന്റെ പ്രഖ്യാപനം നിർവഹിക്കും.
മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ, ജി ആർ അനിൽ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങിയവർ സംസാരിക്കും. മനസോടിത്തിരി മണ്ണ് പദ്ധതിക്കായി 2.61 ഏക്കർ സംഭാവന ചെയ്ത കെ സുകുമാരൻവൈദ്യരെയും ലൈഫ് മിഷന് പിന്തുണ നൽകിയ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ, ഹഡ്കോ, കെയുആർഡിഎഫ്സി, ഇൻഫർമേഷൻ കേരളാ മിഷൻ എന്നീ സ്ഥാപനങ്ങളെയും ആദരിക്കും.