ഉത്തരഖണ്ഡിൽ തിരച്ചിൽ ഊർജിതം; 150 പേരെ രക്ഷപ്പെടുത്തി, മൊത്തം 413 പേരെ രക്ഷപ്പെടുത്തി
ഉത്തരകാശി : തുടർച്ചയായ മഴ വീണ്ടും വെല്ലുവിളി ഉയർത്തുന്നതിനിടെ, ഉത്തരഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ ബുധനാഴ്ച ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് 150 പേരെ രക്ഷപ്പെടുത്തി. മൊത്തം 413 പേരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ ധരാലിയിലെ നിരവധി വീടുകളും കാറുകളും ഒഴുകിപ്പോയി. നൂറിലധികം പേരെ കാണാതായിട്ടുണ്ടെന്ന് എൻ.ഡി.ആർ.എഫ് ഡി.ഐ.ജി മൊഹ്സെൻ ഷഹേദി ഡൽഹിയിൽ അറിയിച്ചു. ഹർസിലിലെ സമീപ ക്യാമ്പിൽ നിന്നുള്ള പതിനൊന്ന് സൈനികർ കാണാതായവരിൽപെടുന്നു. ധരാലിയുടെ പകുതിയോളം ഭാഗം ചളിയും അവശിഷ്ടങ്ങളും വെള്ളവും നിറഞ്ഞു.
ഓപറേഷൻ ശിവാലിക് എന്നാണ് രക്ഷാദൗത്യത്തിന്റെ വിളിപ്പേര്. അഞ്ച് സംഘങ്ങളായി 130 ജവാന്മാർ ധരാലിയിലുണ്ട്. 100 ജവാന്മാർകൂടി ഉടനെത്തും. നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി ഇന്തോ തിബത്തൻ ബോർഡർ പൊലീസ് വക്താവ് കമലേഷ് കമൽ അറിയിച്ചു. 28 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. ഗംഗോത്രിയിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകളും ഹോം സ്റ്റേകളും ഇവിടെയാണ്. രക്ഷാപ്രവർത്തനത്തിന് മൂന്ന് സംഘങ്ങൾ ധരാലിയിലേക്ക് പോകുന്നുണ്ടെങ്കിലും തുടർച്ചയായ മണ്ണിടിച്ചിൽ ഋഷികേശ്-ഉത്തർകാശി ഹൈവേ തടസ്സപ്പെടുത്തിയതിനാൽ അവിടെ എത്താൻ കഴിയുന്നില്ലെന്ന് എൻ.ഡി.ആർ.എഫ് ഡി.ഐ.ജി പറഞ്ഞു. ഡെറാഡൂണിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ധരാലി. സാധാരണ അഞ്ച് മണിക്കൂർ യാത്ര വേണം. കരസേന, ഐ.ടി.ബി.പി, എസ്.ഡി.ആർ.എഫ് എന്നിവയുടെ സംഘങ്ങൾ ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.