വയനാട് ടൗൺഷിപ്പിലൂടെ കേരളത്തിന്റെ തനത് അതിജീവനചരിത്രം രേഖപ്പെടുത്തും; മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട് : വയനാട് ടൗൺഷിപ്പിലൂടെ കേരളത്തിന്റെ തനത് അതിജീവനചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ് തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല എന്നും കിട്ടിയത് വായ്പ രൂപത്തിലുള്ള തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ അനുഭവം വെച്ച് ഇനി സഹായം ലഭിക്കുമോ എന്ന് അറിയില്ല. കേന്ദ്രസഹായത്തിന്റെ അഭാവത്തിലും നാം എല്ലാവരും സഹകരിച്ച് അഭൂതപൂർവ്വമായ പുനരധിവാസം നടപ്പിലാക്കി. നാടിന്റെ അപൂര്‍വതയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കാൻ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ വയനാട്ടിലെ ഈ പുനരധിവാസം ദേശീയതലത്തിലും അന്തർദേശീയ തലത്തിലും മാതൃകയാകുമെന്നും ചരിത്രത്തിൽ അടയാളപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 298 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർന്നു. ഒറ്റക്കെട്ടായി കേരളക്കര മുണ്ടക്കൈയേയും ചൂരൽമലയേയും ചേർത്തുപിടിച്ചു. സർക്കാരിനൊപ്പം രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും അയൽ സംസ്ഥാനങ്ങളും ഉൾപ്പടെ സഹായഹസ്തവുമായി എത്തി. ഇന്ന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു മാതൃക ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.