മലബാറിലെ ആദ്യ ലുലു മാൾ കോഴിക്കോട് ജില്ലയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : മലബാറിലെ ആദ്യ ലുലു മാൾ തുറക്കുന്നു. കോഴിക്കോട് ജില്ലയിൽ ഉയർന്ന ലുലു മാൾ ഇന്ന് (ഞായറാഴ്ച) ഉദ്ഘാടനം ചെയ്യും. ഒൻപതിന് (തിങ്കളാഴ്ച) രാവിലെ 11 മണിമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇതോടെ കേരളത്തിലെ ലുലു മാളുകളുടെ എണ്ണം നാലാകും. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിട ങ്ങളിലാണ് മറ്റ് ലുലു മാളുകൾ. കോട്ടയം, തിരൂർ എന്നിവിടങ്ങളിൽ ലുലു മാളുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ലോകോത്തര നിലവാരമുള്ള ഷോപ്പിങ്, ലൈഫ്സ്റ്റൈൽ അനുഭവമാണ് കോഴിക്കോട് മാങ്കാവ് മാവൂർ റോഡിനടുത്ത് സ്ഥിതിചെയ്യുന്ന ലുലു മാളിൽ ഒരുക്കിയിരിക്കുന്നത്. 3.5 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് മാൾ വ്യാപിച്ചു കിടക്കുന്നത്. കോഴിക്കോട് സൈബർ പാർക്ക് ഗവ. മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിൽനിന്ന് വെറും അഞ്ച് കിലോമീറ്റർ മാത്രമാണ് മാളിലേക്കുള്ള ദൂരം.
1.5 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് ആണ് മാളിന്റെ മുഖ്യ ആകർഷണം. ദൈനംദിന സാധനങ്ങൾ മുതൽ പ്രീമിയം ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾവരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. രാജ്യാന്തര, ആഭ്യന്തര, പ്രാദേശിക ബ്രാൻഡുകൾ ഉൾപ്പെടുന്ന പുതുമയുള്ള ട്രെൻഡുകൾ ലുലു ഫാഷൻ സ്റ്റോറിലും ലഭ്യമാകും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വീട്ടുപകരണങ്ങൾ ക്കുമായി ലുലു കണക്ടും മാളിലുണ്ട്. കെഎഫ്സി, ചിക്കിങ്, പിസ ഹട്ട്, ബാസ്ക്കിൻ റോബിൻസ്, ഫ്ലെയിം എൻ ഗോ, സ്റ്റാർബക്സ് തുടങ്ങിയ 11 തരം വൈവിധ്യമാർന്ന ഔട്ട്ലെറ്റുകൾ ഉൾപ്പെടുന്ന 400 സീറ്റ് ഫുഡ് കോർട്ടും മാളിൻ്റെ പ്രത്യേകതയാണ്. ടിസോട്ട്, സ്കെച്ചേഴ്സ്, എസ്ഡബ്യുഎ ഡയമണ്ട്സ്, യുഎസ് പോളോ, ലൂയി ഫിലിപ്പ്, അലൻസൊള്ളി, പോഷെ സലൂൺ, ലെൻസ് ആൻ്റ് ഫ്രെയിംസ് തുടങ്ങിയ 30ലധികം ദേശീയ, പ്രാദേശിക ബ്രാൻഡുകളും ഇവിടെയുണ്ട്. 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് മാളിൽ ഒരുക്കിയിരിക്കുന്നത്.