മാഹിയിൽ നാളെ മുതൽ പെട്രോൾ, ഡീസൽ വില കൂടും; വാറ്റ് നികുതിയിൽ വലിയ മാറ്റവുമായി പുതുച്ചേരി
കണ്ണൂർ : പുതുവർഷത്തിൽ മാഹിയിൽ പെട്രോൾ, ഡീസൽ വില വർധിക്കും. അധിക വരുമാനം സമാഹരിക്കുന്നതിനായി പെട്രോളിനും ഡീസലിനും മൂല്യ വർധിത നികുതി ഉയർത്താൻ പോണ്ടിച്ചേരി സർക്കാർ തീരുമാനിച്ചതോടെയാണ് വില വർധിക്കുന്നത്. പോണ്ടിച്ചേരിയിലെ വിവിധ മേഖലകളിൽ പെട്രോളിന് ഏകദേശം 2.44 ശതമാനവും ഡീസലിന് 2.57 ശതമാനവുമാണ് വാറ്റ് വർധിക്കുക. ഇതോടെ ജനുവരി ഒന്നുമുതൽ പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം മേഖലയിലെ പെട്രോൾ, ഡീസൽ വില രണ്ടു രൂപയോളം വർധിക്കും. ഓരോ മേഖലയിലും വ്യത്യസ്ത അളവിലാണ് വാറ്റ വർധിക്കുന്നത്. അതിനാൽ ഓരോയിടത്തും വിലയിലും വ്യത്യാസമുണ്ടാകും. മാഹിയിൽ പെട്രോളിന്റെ വാറ്റ് 13.32 ശതമാനത്തിൽ നിന്നും 15.79 ശതമാനമായി ഉയരും. ഡീസലിന്റെ നികുതി 6.91 ശതമാനത്തിൽ നിന്നും 9.52 ശതമാനമായാണ് വർധിക്കുന്നത്. മാഹിയിലെ വിലയിലുണ്ടാകുന്ന കൃത്യമായ വർധനവ് ജനുവരി ഒന്ന് അർധ രാത്രി മുതൽ അറിയാൻ സാധിക്കും.
വില വർധിച്ചാലും സമീപ സംസ്ഥാനങ്ങളുമായി കേരളത്തിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്യുമ്പോൾ മാഹിയിലെ വില തന്നെയാണ് കുറവ്. നിലവിൽ മാഹിയിൽ പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയും നൽകണം. പോണ്ടിച്ചേരിയിലെ മറ്റു മേഖലകളെ താരതമ്യം ചെയ്യുമ്പോഴും മാഹിയിലാണ് പെട്രോളിന് ഏറ്റവും വില കുറവ്. പോണ്ടിച്ചേരിയിൽ പെട്രോളിന് 94.26 രൂപയും കാരക്കലിൽ 94.03 രൂപയും യാനത്ത് 94.92 രൂപയുമാണ് പെട്രോളിന് വില. ഡീസലിന് 84.48 രൂപയാണ് പോണ്ടിച്ചേരിയിൽ വില. കാരക്കലിൽ 84.35 രൂപയും യാനത്ത് 84.75 രൂപയും വരുമ്പോൾ മാഹിയിൽ 81.90 രൂപയ്ക്ക് ഡീസൽ ലഭിക്കും.