മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു; പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്
പൊന്നാനി : മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം. ഒഡീഷയിൽ നിന്നുള്ള തൊഴിലാളിയാണ് ഇയാൾ. നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. നിലമ്പൂരിൽ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കൺട്രോൾ യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. നാലു പേരടങ്ങുന്ന പത്ത് സംഘങ്ങൾ വീടുകൾ സന്ദർശിച്ചു. 1200 രക്തസാമ്പ്ൾ ശേഖരിച്ചാണ് രണ്ടു മലമ്പനി രോഗം സ്ഥിരീകരിച്ചത്. 21, 54, 17 എന്നിങ്ങനെ പ്രായമുള്ള മൂന്നു സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്. നിലവിൽ മൂന്നു കേസുകളാണ് വാർഡ് അഞ്ചിലുള്ളത്. നഗരസഭയിലെ 4, 5, 6, 7 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ ഉടൻ നടക്കും.