മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍
മലപ്പുറം : മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്ക് നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന് സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ മാസം 6ാം തീയതി 11.30 മുതല്‍ 12 വരെ യുവാവ് ഫാസില്‍ ക്ലിനിക്കില്‍.ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്ബര്യ ക്ലിനിക്കില്‍. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു. ഏഴാം തീയതി 9.20 മുതല്‍ 9.30 വരെ നിലമ്ബൂർ പൊലീസ് സ്റ്റേഷനില്‍. വണ്ടൂർ നിംസ്, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും യുവാവ് സന്ദർശിച്ചു.