മലയാളം സ്നേഹത്തിന്റെ ഭാഷ; ഭരണഭാഷാവാരാചരണത്തിന് ജില്ലയില്‍ തുടക്കം
കണ്ണൂർ:എഴുപതിറ്റാണ്ട് തികയുന്ന കേരളത്തിൻ്റെ മുന്നേറ്റങ്ങളെയും വഴികളെയും അടയാളപ്പെടുത്തി ജില്ലയില്‍ ഭരണഭാഷാവാരാചരണത്തിന് തുടക്കം. ജില്ലാ ഭരണകൂടം, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ തല ഭരണഭാഷാവാരാചരണം അഡ്വ. ടി ഒ മോഹനന് എം എല്‍ എ ഉൽഘാടനം ചെയ്തു. ഭാഷാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോഴും നാനാത്വങ്ങളെ കോര്‍ത്തിണക്കി ഇന്ത്യയെന്ന രാജ്യം ശക്തമായി വളരുകയായിരുന്നു. അഭിമാനമായി കൈരളിയുടെ മലയാളവും ഉയരങ്ങള്‍ താണ്ടി. ആഗോളതലത്തില്‍ മലയാളി അടയാളപ്പെടുത്തുന്നത് ഉന്നതമായ ഈ നാടിന്റെ നന്മകള് കൂടിയാണെന്നും ടി.ഒ.മോഹനന് എം എല്‍ എ പറഞ്ഞു. ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. ഒരു ജനതയുടെ വികാരവായ്പുകളെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആ നാടിന്റെ ഭാഷയും സംസ്കാരവുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യ സംസ്കൃതിയുടെ ഈ നാട് വളര്‍ന്നത് എഴുപതാണ്ടിന്റെ സാഹിത്യ സാമൂഹിക സമൃദ്ധിയിലേക്കാണ്. മലയാളികള്‍ അവരുടെ വളര്‍ച്ചയില്‍ മാതൃഭാഷയായ മലയാളത്തെയും ചേര്‍ത്തുപിടിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു. സിനിമ സീരിയല്‍ താരം ഉണ്ണിരാജ മുഖ്യാതിഥിയായിരുന്നു.