കെഎസ്ആർടിസി എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ഓർമ എക്സ്പ്രസ്; ആനവണ്ടി യാത്രക്കാരനായി മോഹൻലാൽ
തിരുവനന്തപുരം : നാലരപ്പതിറ്റാണ്ടു മുമ്പുള്ള നഗരയാത്രകളുടെ ഓർമകൾ പുതുക്കി മോഹൻലാൽ കെഎസ്ആർടി സി ബസിന്റെ ചവിട്ടുപടിയിൽനിന്ന് യാത്രചെയ്തു. കൗമാരകാലത്തിന്റെ ഓർമകളിലേയ്ക്ക് മഹാനടന്റെ മനസ്സ് പാഞ്ഞു. കെഎസ്ആർടിസി എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓർമ എക്സ്പ്രസ്’ പരിപാടിയിലാണ് അദ്ദേഹം കെഎസ്ആർടിസിയിൽ യാത്ര ചെയ്തത്. പ്രത്യേകം സജ്ജമാക്കിയ പഴയ കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടിയിൽ മന്ത്രി ഗണേഷ് കുമാറും മോഹൻലാലും ഒരുമിച്ചുനിന്ന് യാത്രകളുടെ ഓർമകൾ പുതുക്കി. അതിനുശേഷം പുതിയ വോൾവോ ബസിൽ കയറി ആധുനിക സൗകര്യങ്ങൾ മനസ്സിലാക്കി.
‘‘കോളേജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചത്. അന്ന് ഇന്നത്തേതുപോലെ ബസുകൾ ഒന്നുമില്ലായിരുന്നു. ട്രാൻസ്പോർട്ട് സൗകര്യങ്ങൾ ഇന്ന് വളരെ മെച്ചപ്പെട്ടു. അത്തരം സൗകര്യങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാൻ സർക്കാരിനും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനും സാധിച്ചു. ഗണേഷ് കുമാർ കെഎസ്ആർടിസിക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരു നാട്ടിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ആ നാട് ഒരുപാട് മുന്നോട്ടുപോകും’’– മോഹൻലാൽ പറഞ്ഞു. എക്സ്പോയുടെ ഭാഗമായി കെഎസ്ആർടിസിയുടെ എട്ട് ശ്രേണികളിലുള്ള പുത്തൻബസുകൾ 143 ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്ഓഫ് ചെയ്തു. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ലിങ്ക് , വോൾവോ, എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, മിനി ബസ് എന്നീ വിഭാഗത്തിലാണ് പുതിയ ബസുകൾ നിരത്തിലിറക്കിയത്.