മലപ്പുറത്ത് യുവാവിന് എംപോക്സ് ലക്ഷണം; രോഗലക്ഷണം സംശയിക്കുന്ന യുവാവ് നിരീക്ഷണത്തില്‍
മലപ്പുറം : മലപ്പുറത്ത് യുവാവിന് എംപോക്സ് ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് മലപ്പുറം എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് ദുബൈയില്‍നിന്ന് എത്തിയ യുവാവാണ് നിരീക്ഷണത്തിലുള്ളത്. പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയില്‍ പെട്ടതാണ് അധികൃതരില്‍ എംപോക്സ് സംശയം ഉണ്ടാക്കിയത്. രോഗസ്ഥിരീകരണത്തിന് സ്രവ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്. ഈ മാസം ആദ്യം ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തി ലായിരുന്ന യുവാവിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. അടുത്തിടെയാണ് മലപ്പുറം തിരുവാലി പഞ്ചായത്തില്‍ നിപ ബാധിച്ച് വിദ്യാർഥി മരിച്ചത്. 151 പേർ നിരീക്ഷണത്തിലാണ്. ബെംഗളുരുവില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിയായ വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പനി ബാധിച്ച് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.