ലോകത്തേക്ക് അടുത്ത ആഗോള മഹാമാരിയായി മങ്കിപോക്സ് അഥവാ എംപോക്സ് രോഗം മാറുമെന്ന് സൂചന
കോവിഡ് വരുത്തിവച്ച നഷ്ടങ്ങളുടെ കണക്കുകളില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ലോകത്തേക്ക് അടുത്ത ആഗോളമഹാമാരിയായി മങ്കിപോക്സ് അഥവാ എംപോക്സ് രോഗം മാറുമെന്ന് സൂചന. നിലവില്‍ ആഫ്രിക്കയില്‍ രോഗം പടർന്നുപിടിച്ചു കൊണ്ടിരിക്കു കയാണ്. പുതിയ വക ഭേദമായ ക്ലേഡ് ഐ.ബി. പാകിസ്ഥാനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി വഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. കുരങ്ങന്മാരില് 1958ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 1970-ല്‍ മനുഷ്യരിലും കണ്ടെത്തി. പിന്നീട് ദശാബ്ദങ്ങളോളം ശാസ്ത്ര-പൊതു ആരോഗ്യ സമൂഹങ്ങള്‍ ഇതിനെ വലിയ തോതില്‍ അവഗണിച്ചു, ഉഷ്ണമേഖലാ ആഫ്രിക്കയിലെ വിദൂര ഗ്രാമപ്രദേശങ്ങളില്‍ പ്രസക്തിയില്ലാതെ ഒരു അസാധാരണ അണുബാധയായി എംപോക്സ് കണക്കാക്കപ്പെട്ടു.
2022-ല്‍ വികസിത രാജ്യങ്ങളില്‍ വൻതോതിലുള്ള എംപോക്സ് വ്യാപനമുണ്ടായപ്പോള്‍ വലിയ ഗവേഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും നടന്നു. എംപോക്സ് രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും രോഗവ്യാപനം തടയുന്നതിനും ആഗോളതലത്തില്‍ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് ആഫ്രിക്കൻ ഗവേഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടു. നിലവില്‍ ആഫ്രിക്കയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ പൊതുജനാരോഗ്യത്തെ അപകടത്തിലാകുമോ എന്ന ആശങ്ക ഉയരുകയാണ്. ലോകത്തിന്റെ ഒരു കോണില്‍ പൊട്ടിപ്പുറപ്പെടുന്ന ഇത്തരം സാംക്രമിക രോഗങ്ങളെ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കണക്കാക്കിയാല്‍ പോര എന്നതിൻ്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് എംപോക്സിൻ്റെ സമീപകാല ചരിത്രം. കാരണം ഇത്തരം രോഗങ്ങള്‍ അതിവേഗം പടർന്നുപിടിക്കും. ഇന്ത്യയില്‍ ആദ്യമായി, 2022 ജൂലൈ 14നു കേരളത്തിലും എംപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുള്ള പുരുഷനാണു രോഗലക്ഷണം കണ്ടെത്തിയത്. ഇദ്ദേഹം രോഗമുക്തനായെങ്കിലും സംസ്ഥാനത്ത് രോഗം വീണ്ടും കണ്ടെത്താനുള്ള സാധ്യത ഒഴിവാകുന്നില്ല. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതാണു കാരണം. യാത്ര ചെയ്യുന്നവരും അവരുമായി സമ്ബർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.