മുട്ടിൽ മരംമുറി:വനം വകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്മാർക്കെതിരേ നടപടി
ബത്തേരി:മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്മാർക്കെതിരേ നടപടി. 2 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വനം വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. സങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 22 ന് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സമർപ്പിച്ചു.എന്നാൽ, സംഭവം വലിയ വിവാദമായതോടെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. രേഖകൾ കൃത്യമായി കോടതിയിൽ സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ഈ അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചത്.ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല, ഗുരുതര സാങ്കേതിക പിഴവുകൾ എന്നിവയാണ് കുറ്റപത്രം മടക്കാൻ കാരണം. കഴിഞ്ഞ 17നാണ് വനംവകുപ്പ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മുട്ടിൽ മരംമുറിയിലെ 1/21 കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല. അഞ്ചുവർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.