മുകേഷിനെ സംരക്ഷിച്ചിട്ടില്ല; കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഉചിതമായ നടപടിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മുകേഷിനെ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുകേഷിനെതിരെയുള്ള പരാതിയുമുണ്ട്. സർക്കാർ ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണപക്ഷത്തെ എംഎൽഎക്കെതിരെ പോലും കേസെടുത്തു മുന്നോട്ടുപോകുന്ന സർക്കാർ ആണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുകേഷിന്റെ രാജി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. രാജി സംബന്ധിച്ച് വ്യാപക കാമ്പയിൻ നടക്കുന്നു. കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് എതിരായി നിലവിൽ കേസ് ഉണ്ട്. ഉമ്മൻ ചാണ്ടി മുതൽ തരൂർ വരെ നിരവധി കോൺഗ്രസ് നേതാക്കളുടെ പേരിൽ പരാതി ഉയർന്നിരുന്നു. ആരും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജി വെച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആരോപണം ഉയർന്നെങ്കിലും ഇടതുപക്ഷത്തുള്ള എംഎൽഎമാർ സ്ഥാനം രാജിവെച്ചിട്ടില്ല. എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയാലും എംഎൽഎ സ്ഥാനം തിരിച്ചു നൽകാൻ കഴിയില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അന്വേഷണത്തിൽ ഒരു തരത്തിലുള്ള ആനുകൂല്യവും എംഎൽഎ ആയതുകൊണ്ട് നൽകേണ്ടതില്ലെന്നും നീതി എല്ലാവർക്കും ലഭ്യമാകണം എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.