എഡിജിപി എവിടെയെങ്കിലും പോയതിന് സിപിഐഎമ്മിന് എന്ത് ഉത്തരവാദിത്തം; എം വി ഗോവിന്ദന് മാസ്റ്റർ
കണ്ണൂര്‍ : എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രതികരിക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി പിന്‍വാങ്ങുകയായിരുന്നു. വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിച്ച സാഹചര്യം കൂടി മുന്നിലുണ്ട്. ‘അതിനെന്താ, എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം’, എന്നായിരുന്നു ഗോവിന്ദന് മാഷ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തിലാണ് ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപി എംആര്‍ അജിത് കുമാര്‍ സമ്മതിക്കുന്നത്. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരമാണ് പോയത്. സ്വകാര്യ സന്ദര്‍ശനം ആയിരുന്നു അതെന്നുമാണ് വിശദീകരണം.
പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എഡിജിപി സമ്മതിക്കുന്നത്. ഔദ്യോഗിക വാഹനം ഒഴിവാക്കി ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശ്ശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം അവിടെ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസിന്റെ പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മെയ് 22 ന് എഡിജിപി എത്തിയത്.