എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂർ : സർക്കാർ എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസിലാവുമെന്നും സർക്കാർ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പ്രതികരിച്ചു.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെടി ജലീലിൻ്റെ സ്വർണക്കടത്ത് പരാമർശത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാൽ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റുണ്ടെന്ന പിവി അൻവറിന്റെ പരാമർശം എംവി ഗോവിന്ദൻ തള്ളി. ശുദ്ധ അസംബന്ധമാണിതെന്നായിരുന്നു പ്രതികരണം. ശുദ്ധ അസംബന്ധങ്ങൾക്ക് മറുപടിയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.